Thursday, April 28, 2016

ഇനിയദ്ദേഹം ഉറങ്ങട്ടെ; വിട

മലയാളികളുടെ മനസ്സില്‍ കുസൃതിയുടെ രൂപമായി ചേക്കേറിയ ബോബന്റെയും മോളിയുടെയും പിതാവിനു വിട. ആറു പതിന്റാണ്ട് കാലം വരകളിലൂടെയും വാക്കുകളിലൂടെയും ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കിയ ഉത്സവമായിരുന്നു അദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. മലയാളി വായനക്കാരെ അറബികളെ പോലെ പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് വായിക്കാന്‍ പഠിപ്പിച്ച വ്യക്തിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് റ്റോംസ്. അത്രയ്ക്ക് ജനകീയവുമായിരുന്നു'മനോരമ വാരിക'യുടെ അവസാന പുറത്ത് വന്നിരുന്ന റ്റോംസിന്റെ ബോബനും മോളിയും.
ജന്‍മം കൊണ്ട് കുട്ടനാട്ട്‌കാരനായത് കൊണ്ടായിരിക്കാം ഗ്രാമീണതയും നിഷ്കളന്കതയും അദേഹത്തിന്റെ കാര്‍ട്ടൂണ്നുകളില്‍ പ്രതിഫലിക്കുന്നത്. തന്റെ കഥാപാത്രങ്ങളെ കൂടുതലും ടോംസ് കണ്ടെത്തിയതും ജന്മ നാട്ടില്‍ നിന്ന് തന്നെ.
ശങ്കേഴ്സ് വീക്കിലിയിലെ കാര്‍ട്ടൂണിസ്റ്റ കൂടിയായിരുന്ന ജേഷ്ഠന്‍ പീറ്റര്‍ തോമസിന്റെ വരകളോടു തോന്നിയ ആരാധനയാണ് ടോംസിനെ മാവേലിക്കര സ്കൂള്‍ ഓഫ് ആര്‍ട്സിലെത്തിച്ചത്. അവിടുത്തെ പഠനത്തിനു ശേഷം കുടുംബദീപത്തില്‍ പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചു. പിന്നീടു ഡെക്കാന്‍ ഹെരാല്‍ഡിലും ശങ്കേഴ്സ് വീക്ക്‌ലിയിലും സ്വന്തമായ ഒരു ഇടം കണ്ടെത്തി. ഒരു കാര്‍ട്ടൂണിസ്റ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും ടോംസ് പോലും കരുതിയതല്ല. താല്പര്യം സംഗീതത്തോടായിരുന്നു. ബിരുദപഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന കാലത്ത് ടോംസിനെ കാണാന്‍ എത്തിയിരുന്ന അയല്‍വീട്ടിലെ കൃസൃതികളായ ഇരട്ട സഹോദരങ്ങളാണ് (യഥാര്‍ത്ഥ ബോബനും മോളിയും) തന്നെ കാര്‍ട്ടൂണിസ്റ്റാക്കിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുപ്പതാം വയസ്സില്‍ മഷിത്തുമ്പില്‍ പിറന്നുവീണ ബോബനും മോളിയും ടോംസിന്റെ തലവര തന്നെ മാറ്റി; ഒപ്പം കേരളത്തിലെ ഏറ്റവും ജനകീയമായ കാര്‍ട്ടൂണ്‍ പറമ്പരയ്ക്കും അത് തുടക്കം കുറിച്ചു.
വരകള്‍ സ്വന്തം വീട്ടില്‍ മാത്രമൊതുങ്ങിയ നാളുകള്‍; ഒരിക്കല്‍ ഈ ചിത്രങ്ങള്‍ കാണാനിട വന്ന സുഹൃത്ത് ജോസഫ് പള്ളികുളം ആണ്‌ ഇത് പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ ആദ്യം നിര്‍ദേശിക്കുന്നത്. എന്നാല്‍ ആദ്യകാലത്ത് അയച്ച ചിത്രങ്ങളെല്ലാം തിരിച്ചുവന്നു. പിന്നീട് അതേ ബോബനും മോളിയും അവര്‍ക്കൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ് ഇട്ടുണ്ണന്‍, ഭാര്യ മജിസ്ട്രേറ്റ് മറിയ, പൂവാലന്‍ അപ്പിഹിപ്പി, ആശാന്‍, ഉണ്ണിക്കുട്ടന്‍, മൊട്ട തുടങ്ങിയവരും നമുക്ക് പരിചിതരായി. ഇവര്‍ക്കൊപ്പം ചേര്‍ന്ന് ബോബനും മോളിയും നാട്ടുകാര്യങ്ങളില്‍ പങ്കാളികളായി. ഈ കഥാപാത്രങ്ങളിലൂടെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യം വിട്ടുവീഴ്ചകളില്ലാതെ തന്റെ കാര്‍ട്ടൂണുകളിലൂടെ ടോംസ് നമുക്ക് മുന്നില്‍ വരച്ചു നിരത്തി.
ടോംസ് തന്റെ ആത്മകഥയില്‍ മരണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു.
"പ്രകൃതി മനുഷ്യന് നല്‍കിയിരിക്കുന്നത് ഒരു വലിയ അനുഗ്രഹമാണ്. മരിക്കുന്നത് മനുഷ്യന്‍ അറിയുകയില്ല. അതിനു മുമ്പ് ബോധം മറയുന്നതുകാരണം മരണവേദന എന്നുള്ളതുമുണ്ടായിരിക്കുകയില്ല. കത്തോലിക്കര്‍ക്ക് അച്ചന്മാര്‍ ഓതിത്തന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. മരണസമയത്ത് എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പ്രാണന്‍ പിടയുമ്പോള്‍ ദയാപരനായ ഈശോയെ, ഞങ്ങളെ കാത്തുകൊള്ളണമേ എന്ന്. മരണസമയത്ത് ഒരു ഞരമ്പും വലിഞ്ഞുമുറുകുകയില്ല. ഒരു പ്രാണനും പിടയുകയുമില്ല.
മരണമെന്നു പറയുന്നത് ഒരു ലോംഗ് ലോംഗ് സ്ലീപ് ആണ്. ഉച്ചയൂണുകഴിഞ്ഞ് നമ്മള്‍ ഒന്ന് ഉറങ്ങിയെന്നു കരുതുക. ഉറക്കമുണര്‍ന്നതിനുശേഷം സ്വയം ഒന്നു ചിന്തിച്ചു നോക്കൂ. എപ്പഴാ ഉറങ്ങിയതെന്ന്. ഒരു പിടിയും കിട്ടുകയില്ല. അതുപോലെതന്നെയാണ് മരണവും. സാവധാനം ഇഴുകി ഇഴുകി നാം ഉറങ്ങുന്നു. എന്നന്നേക്കുമുള്ള ഒരു നീണ്ട ഉറക്കം. ഉറങ്ങുന്നതിനുമുമ്പ് ഉറക്കത്തിലേക്ക് ഇഴുകിവീഴുന്ന അര്‍ദ്ധബോധാവസ്ഥയിലേക്കുള്ള ഒരു നിര്‍വൃതിയുണ്ടല്ലോ, അതാണ് ഒരുവന്റെ ജീവിതത്തില്‍ ഏറ്റവും സുഖകരമായ അനുഭൂതി; ആ അനുഭൂതിയാണ് മരണസമയത്തും. ചുരുക്കിപ്പറഞ്ഞാല്‍ മരണത്തിലേക്ക് വഴുതിവീഴുന്ന സുഖത്തേക്കാള്‍ വലിയൊരു സുഖമില്ല. മരണസമയത്ത് അപ്പനോട് മക്കള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം തുറസ്സായ മുറിയില്‍ ഒറ്റയ്ക്ക് കിടത്തിയിട്ട് മക്കളും ബന്ധുക്കളും മാറുക. ശേഷം ലതാ മങ്കേഷ്‌കറുടെയോ സൈഗാളിന്റെയോ ഗാനം ശബ്ദം കുറച്ച് അരികില്‍ വെച്ചുകൊടുത്തിട്ടു സമാധാനമായി മരിക്കാന്‍ അനുവദിച്ചാല്‍ മക്കള്‍ക്ക് പുണ്യം കിട്ടും. ഞാന്‍ മരിക്കുന്നതിനുമുമ്പ് എന്റെ മക്കളോടും പറയും മരിക്കുന്നതിനു മുമ്പ് ഇതുപോലൊരു മുറിയില്‍ സൈഗാളിന്റെ സോജ രാജകുമാരി എന്ന ഗാനം വെച്ചുതരണമെന്ന്. അതു കേട്ടുകൊണ്ട് മരിക്കുന്നതിലും സുഖപ്രദമായി ജീവിതത്തില്‍ എന്തുണ്ട്."
ഇനി ആ ചടുലമായ വരകളുടെ ഉടമ സൈഗാളിന്റെ സോജരാജകുമാരി എന്ന ഗാനം പതിയെയുള്ള ശബ്ദത്തില്‍ കേട്ട് ദീര്‍ഘമായി ഉറങ്ങട്ടെ, വിട.

Friday, July 25, 2014

സഹായിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ!

സഹായിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! 
ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളിൽ പലരും പതറി പോകാറുണ്ട് എന്നാൽ അതിനെ തന്റെ കഠിന പ്രയനത്താലും ഇച്ഛാശക്തി കൊണ്ടും അതിജീവിച്ച വ്യക്തിയാണ് ഹരിയാന സ്വദേശിയായ സഹായി. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റിൽ താരമാണ് സഹായി എന്ന 77 കാരൻ എന്നാൽ ഇതൊന്നുമറിയാതെ ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ തെരുവിൽ പാവകളെ വിറ്റു നടക്കുകയാണ് ഈ വൃദ്ധൻ. ശാരീരികമായി അവശനും നടക്കാൻ ബുദ്ധിമുട്ടുള്ളയാളുമാണ് . ജീവിത ചെലവുകള്‍ക്കായി ദിവസം 70 കിലോ മീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയാണ് സഹായി . കൈയില്‍ പാവകള്‍ നിറച്ച വലിയ സഞ്ചിയുമായാണ് ഇ ദൂരം പിന്നിടുന്നത്. ജീവിതം പല വട്ടം തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങിക്കൊടുക്കാത്ത ഈ പ്രകൃതമാണ് ഈ മനുഷ്യനെയും കുടുംബത്തെയും ജീവിപ്പിക്കുന്നത്. അമേരിക്കന്‍ കമ്പനി നടത്തുന്ന സ്വകാര്യ ബാങ്കില്‍ മാനേജരായിരുന്നു സഹായി . നന്നായി ജീവിച്ചു. സമ്പാദ്യമെല്ലാം മുടക്കി മകനെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു. പെട്ടെന്നൊരു നാള്‍ ആ മകന്‍ മരിച്ചു. കമ്പനിയില്‍നിന്ന് പിരിയുമ്പോള്‍ കിട്ടിയ സമ്പാദ്യമെല്ലാം ചെലവിട്ട് മൂന്ന് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചയച്ചു. ജീവിതമാര്ഗ്ഗ ങ്ങളെല്ലാം അടഞ്ഞു ഒപ്പം വാർധക്യ സഹജമായ രോഗങ്ങളും എന്നിട്ടും തോറ്റു കൊടുക്കാതെ ജീവിക്കാന്‍ സഹായി കരുത്താര്ജ്ജിച്ചു . അങ്ങിനെ വര്‍ഷങ്ങളായി കൊണാട്ട്പ്ലേസില്‍ ഇദ്ദേഹം എത്തുന്നു, പാവകളുമായി...

Sunday, June 30, 2013

നിഴൽ

കൂടുകാർ എത്രയുണ്ടെങ്കിലും എന്നും കൂട്ടായി എൻ നിഴൽ മാത്രം 

Tuesday, April 30, 2013

വടക്കെ മലബാറിലെ ജനങ്ങൾക്ക് എന്നും മനസ്സിൽ മായാതെ കിടക്കുന്ന നിറമുള്ള കാഴ്ചയും ഓർമ്മയുമാണ് തെയ്യങ്ങൾ. കുട്ടിക്കാലം മുതൽക്കെ തെയ്യങ്ങളോട് വല്ലാത്ത ആവേശമായിരുന്നു എനിക്ക്. ആ രൂപങ്ങളും നിറങ്ങളും എന്നിലെ കലാകാരനെ സ്വാധീനിച്ചിരിക്കാം. അന്ന് തെയ്യം എന്ന കലാരൂപത്തെക്കുറിച്ചോ അതിന്റെ ചരിത്രത്തെക്കുറിച്ചോ ഒന്നും അറിവുണ്ടായിരുന്നില്ല. എന്നാലും ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ വീട്ടിൽ ബഹളം വച്ച് പോകുമായിരുന്നു. കൂടെ ജ്യേഷ്ഠാനുജന്മാരും സുഹൃത്തുക്കളുമൊക്കെയുണ്ടാകും. തെയ്യം പുറപ്പെടുന്നതിനു മുന്പ് തന്നെ തെയ്യം കലാകാരൻ ഇരിക്കുന്നിടത്ത് ചെന്ന് സ്ഥാനം പിടിക്കും. അവർ മുഖത്തെഴുതുന്നതും ആടയാഭരണങ്ങൾ ഒരുക്കുന്നതുമെല്ലാം നോക്കി വാ പൊളിച്ചിരിക്കും. പിന്നെ, തെയ്യം പുറപ്പെട്ടു കഴിഞ്ഞാൽ അതിന്റെ പുറകെ നടന്ന് അതിന്റെ ഓരോ ചലനങ്ങളും അവർ ഉരുവിടുന്ന തോറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുമായിരുന്നു. ഞങ്ങളുടെ തറവാട്ടിലും തെയ്യം ഉണ്ടാകാറുണ്ട്. ബാലി, വിഷ്ണുമൂർത്തി എന്നീ രണ്ടു തെയ്യങ്ങൾ അവിടെ കെട്ടി ആടാറുണ്ടായിരുന്നു. മെയ്മാസത്തിൽ തറവാട്ടിലെ തെയ്യം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിൽ നിന്ന് തെയ്യം വിട്ടുപോകില്ല മധ്യവേനലവധിക്ക് പലതരം കളികളുടെ കൂട്ടത്തിൽ തെയ്യവും കളിച്ചു നോക്കി
ആരുടെയോ മനസ്സിൽ ഉദിച്ച ആശയം. കയ്യിൽ കിട്ടിയ സാധനങ്ങളും കണ്ട് മനസ്സിൽ പതിഞ്ഞ ഓർമ്മകളും വച്ച് കിരീടവും ആടയാഭരണങ്ങളും കരിയും കുങ്കുമപ്പൂവും ഉപയോഗിച്ച് മുഖത്ത് എഴുത്തും ഒക്കെയുണ്ടാക്കി കൂട്ടത്തിലെ രണ്ടുപേർ തെയ്യക്കോലങ്ങളും ബാക്കിയുള്ളവർ പരികർമ്മിയും വാദ്യമേളക്കാരും കാണികളുമായി ഞങ്ങൾ തെയ്യം കളിച്ചു. അന്ന് മുതിർന്നവർ ഇങ്ങനെ കുട്ടിക്കളി കളിക്കാനുള്ളതല്ല തെയ്യമെന്നും തെയ്യം വന്ന് ശരീരത്തിൽ കൂടുമെന്നും പറഞ്ഞ് ഞങ്ങളെ വിലക്കിയിരുന്നു. അന്ന് അവരുടെ വാക്കുകൾ ഞങ്ങൾ കൂട്ടാക്കിയിരുന്നില്ല.
വീണ്ടും മെയ്മാസം വന്നു. തറവാട്ടിലെ തെയ്യവും അടുത്തു. കൂടെ നിറമുള്ള കുറേ ഓർമ്മകളും. ഇനി തിരിച്ചു കിട്ടുമോ ആ ബാല്യകാലം ?

Monday, May 30, 2011

നിയമം കണ്ണടയ്ക്കുമ്പോള്‍...

പെണ്‍കുട്ടികള്‍ നശിപ്പിക്കപ്പെടുന്നത് ആണിനാല്‍. എന്നാല്‍ ഏതൊരുപെണ്ണിന്റെയും കാത്തിരിപ്പിനവസാനവും ഒരു ആണായിരിക്കും. തന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്ന പുരുഷനെക്കാണാനുള്ള യാത്രയ്ക്കിടെയാണ് ഷൊര്‍ണൂര്‍ പാസഞ്ചറില്‍വച്ചാണ് സൌമ്യയെന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് വധിക്കപ്പെട്ടത്.
    അങ്ങനെ നമ്മുടെ നാടിനെ നടുക്കിയ സൌമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏത് അദൃശ്യലോബിയാണ്.  ഈ ലോബിക്കുവേണ്ടിയാണോ നമ്മുടെ നിയമപാലകര്‍ കണ്ണടയ്ക്കുന്നത്. ആ പാവം സഹോദരിയുടെ ആത്മാവിനെപ്പോലും പീഡിപ്പിച്ചുകൊല്ലാനാണോ പുറപ്പാട്.....?

Wednesday, May 25, 2011

മാംസനിബദ്ധമീ ലോകം!ഉപരിപഠനം എന്ന ദൌത്യവുമായാണ് ആ വലിയ നഗരത്തിലേക്ക് ഞാന്‍ എത്തുന്നത്. ജീവിക്കാന്‍വേണ്ടി രാവും പകലും നെട്ടോട്ടമോടുന്ന മനുഷ്യ യന്ത്രങ്ങള്‍, വെറുമൊരു നാട്ടിന്‍പുറത്തുകാരനായ എനിക്ക് ആദ്യം എല്ലാം കൌതുകമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഒറ്റപ്പെടലിന്റെ വിമ്മിഷ്ടമാണ് അനുഭവപെട്ടത്. പുതിയ ഭാഷ ,നാടും നഗരവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അക്കമിട്ട് നിരത്തി, നാടിനെ സ്വപ്നം കണ്ടുറങ്ങി ആ ഒറ്റപ്പെടലുകള്‍ ഞാന്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചു. പതിയെ പുതിയ നഗരവുമായി ഞാന്‍ ഇണങ്ങി. ക്ളാസില്ലാത്ത സായന്തനങ്ങളില്‍ റോന്തുചുറ്റല്‍ എന്റെ വിനോദമായി മാറി. അങ്ങനെയൊരു കറക്കത്തിനിടെയാണ് ആ കാഴ്ച കണ്ടത്. വാഹനങ്ങള്‍ മലവെള്ളം പോലെ ഒഴുകുന്ന റോഡരികില്‍, അരണ്ടവെളിച്ചത്തില്‍ കണ്ട ആ കാഴ്ച ഇന്നും എന്റെ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. മാംസനിബദ്ധമാണീ ലോകം എന്ന തിരിച്ചറിവിലേക്ക് വഴി വെച്ച ആദ്യ കാഴ്ച്ച.
    വസ്ത്രങ്ങളുടെ വര്‍ണശബളിമയില്‍ ആരെയും മയക്കുന്ന അംഗലാവണ്യത്തോടെ കുറെ സ്ത്രീകള്‍. അവരെ ചുറ്റിപറ്റി കുറെ പുരുഷന്‍മാരും. പച്ചമാംസത്തിനുവേണ്ടിയുള്ള വിലപേശലുകള്‍!. ആ നിമിഷം എന്നിലെ കൌതുകം പാതി  വെറുപ്പിന് പകുത്തു നല്‍കി. എങ്കിലും ഈ കാഴ്ചകള്‍ എന്നും എന്റെ കണ്‍മുന്നിലൂടെ കടന്നു പോയിരുന്നു.
    എന്നാല്‍ ഇവരില്‍ ചിലരെ പരിചയപ്പെട്ടതോടെ വെറുപ്പിന്റെ ശകലങ്ങള്‍ക്ക് ശോകനിറം കൈവന്നു. ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് അത്തരത്തിലെ ചില സ്ത്രീകളുമായി സംസാരിക്കേണ്ടി വന്നു എനിക്ക്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന കഥകളായിരുന്നു. ചതിയുടെയും വഞ്ചനയുടെയും കഥകള്‍... പട്ടിണി മാറ്റാന്‍, കുടുംബം നോക്കാന്‍, മരുന്നുവാങ്ങാന്‍, കുഞ്ഞിനെ വളര്‍ത്താന്‍... അവര്‍ സ്വയം വില്‍ക്കുകയാണ് മറ്റൊന്നും വില്‍ക്കാനില്ലാത്തതിനാല്‍.
    ഇനി ആരൊക്കയുണ്ട് ഈ വഴിയിലേക്ക് ഈ ചെളിപ്പാതയിലേക്ക് അടിവച്ചു കയറാന്‍. ........?