Monday, May 30, 2011

നിയമം കണ്ണടയ്ക്കുമ്പോള്‍...

പെണ്‍കുട്ടികള്‍ നശിപ്പിക്കപ്പെടുന്നത് ആണിനാല്‍. എന്നാല്‍ ഏതൊരുപെണ്ണിന്റെയും കാത്തിരിപ്പിനവസാനവും ഒരു ആണായിരിക്കും. തന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്ന പുരുഷനെക്കാണാനുള്ള യാത്രയ്ക്കിടെയാണ് ഷൊര്‍ണൂര്‍ പാസഞ്ചറില്‍വച്ചാണ് സൌമ്യയെന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് വധിക്കപ്പെട്ടത്.
    അങ്ങനെ നമ്മുടെ നാടിനെ നടുക്കിയ സൌമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏത് അദൃശ്യലോബിയാണ്.  ഈ ലോബിക്കുവേണ്ടിയാണോ നമ്മുടെ നിയമപാലകര്‍ കണ്ണടയ്ക്കുന്നത്. ആ പാവം സഹോദരിയുടെ ആത്മാവിനെപ്പോലും പീഡിപ്പിച്ചുകൊല്ലാനാണോ പുറപ്പാട്.....?

Wednesday, May 25, 2011

മാംസനിബദ്ധമീ ലോകം!ഉപരിപഠനം എന്ന ദൌത്യവുമായാണ് ആ വലിയ നഗരത്തിലേക്ക് ഞാന്‍ എത്തുന്നത്. ജീവിക്കാന്‍വേണ്ടി രാവും പകലും നെട്ടോട്ടമോടുന്ന മനുഷ്യ യന്ത്രങ്ങള്‍, വെറുമൊരു നാട്ടിന്‍പുറത്തുകാരനായ എനിക്ക് ആദ്യം എല്ലാം കൌതുകമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഒറ്റപ്പെടലിന്റെ വിമ്മിഷ്ടമാണ് അനുഭവപെട്ടത്. പുതിയ ഭാഷ ,നാടും നഗരവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അക്കമിട്ട് നിരത്തി, നാടിനെ സ്വപ്നം കണ്ടുറങ്ങി ആ ഒറ്റപ്പെടലുകള്‍ ഞാന്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചു. പതിയെ പുതിയ നഗരവുമായി ഞാന്‍ ഇണങ്ങി. ക്ളാസില്ലാത്ത സായന്തനങ്ങളില്‍ റോന്തുചുറ്റല്‍ എന്റെ വിനോദമായി മാറി. അങ്ങനെയൊരു കറക്കത്തിനിടെയാണ് ആ കാഴ്ച കണ്ടത്. വാഹനങ്ങള്‍ മലവെള്ളം പോലെ ഒഴുകുന്ന റോഡരികില്‍, അരണ്ടവെളിച്ചത്തില്‍ കണ്ട ആ കാഴ്ച ഇന്നും എന്റെ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. മാംസനിബദ്ധമാണീ ലോകം എന്ന തിരിച്ചറിവിലേക്ക് വഴി വെച്ച ആദ്യ കാഴ്ച്ച.
    വസ്ത്രങ്ങളുടെ വര്‍ണശബളിമയില്‍ ആരെയും മയക്കുന്ന അംഗലാവണ്യത്തോടെ കുറെ സ്ത്രീകള്‍. അവരെ ചുറ്റിപറ്റി കുറെ പുരുഷന്‍മാരും. പച്ചമാംസത്തിനുവേണ്ടിയുള്ള വിലപേശലുകള്‍!. ആ നിമിഷം എന്നിലെ കൌതുകം പാതി  വെറുപ്പിന് പകുത്തു നല്‍കി. എങ്കിലും ഈ കാഴ്ചകള്‍ എന്നും എന്റെ കണ്‍മുന്നിലൂടെ കടന്നു പോയിരുന്നു.
    എന്നാല്‍ ഇവരില്‍ ചിലരെ പരിചയപ്പെട്ടതോടെ വെറുപ്പിന്റെ ശകലങ്ങള്‍ക്ക് ശോകനിറം കൈവന്നു. ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് അത്തരത്തിലെ ചില സ്ത്രീകളുമായി സംസാരിക്കേണ്ടി വന്നു എനിക്ക്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന കഥകളായിരുന്നു. ചതിയുടെയും വഞ്ചനയുടെയും കഥകള്‍... പട്ടിണി മാറ്റാന്‍, കുടുംബം നോക്കാന്‍, മരുന്നുവാങ്ങാന്‍, കുഞ്ഞിനെ വളര്‍ത്താന്‍... അവര്‍ സ്വയം വില്‍ക്കുകയാണ് മറ്റൊന്നും വില്‍ക്കാനില്ലാത്തതിനാല്‍.
    ഇനി ആരൊക്കയുണ്ട് ഈ വഴിയിലേക്ക് ഈ ചെളിപ്പാതയിലേക്ക് അടിവച്ചു കയറാന്‍. ........?